കോഴിക്കോട്: അറബിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് വടക്കുമുറി സ്വദേശിയായ നടുവത്ത് ചാലിൽ അസൈനാർ (66) ആണ് പിടിയിലായത്. ‘അറബി അസൈനാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് പിടികൂടിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ 25-നാണ് കേസിന് ആധാരമായ സംഭവം നടന്നത്. പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്താമെന്നും അവിടെ നിന്ന് സ്വർണ്ണവും പണവും ലഭ്യമാക്കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ലോഡ്ജിലേക്ക് കൊണ്ടുപോയത്. തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ മൊബൈൽ ഫോണും 14,500 രൂപയും കവർന്നെടുക്കുകയും ചെയ്ത ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
സംഭവത്തിൽ വഞ്ചിക്കപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ‘അറബി കല്യാണം’ എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരവും അന്വേഷണത്തിൽ പുറത്ത് വന്നു.
കാസർകോട്, മംഗലാപുരം മേഖലകളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് സംഘം ഒടുവിൽ പിടികൂടി. പിടിയിലാകുമ്പോൾ മറ്റൊരു യുവതിയെ സമാന രീതിയിൽ വഞ്ചിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇയാൾ.


