തൃശൂർ: തൃശൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച മുഹ്‌സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സർജൻ ശിപാർശ ചെയ്തു.
പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്‌സിനയുടെ മരണം. ഇവരുടെ ഭർത്താവ് താവ് ഇബ്രാഹിം അക്യുപഞ്ചർ ചികിത്സ നടത്തുന്നയാളാണ്. യുവതിയുടെ ഏഴാം പ്രസവത്തിന് പിന്നാലെയാണ് നാലാം ദിവസം നവജാത ശിശു മരിച്ചത്. പ്രസവത്തെ തുടർന്നുള്ള വ്രണം പുഴുവരിച്ച നിലയിലായിട്ടും ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് മുഹ്‌സിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്


