തിരുവനന്തപുരം : നാലാഞ്ചിറയില്‍ പിതാവിന്റെ സുഹൃത്തുക്കളെ മർദിച്ച പ്രതി പിടിയില്‍. മണ്ണന്തല അരുവിയോട് വിക്രം ഭവനില്‍ കണ്ണൻ (38) ആണ് പിടിയിലായത്. മെഡിക്കല്‍ കോളജ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
പിതാവിനെ മദ്യപിക്കാൻ ക്ഷണിക്കുന്നതിലെ വിരോധത്തിലാണ് പ്രതി അതിക്രമം നടത്തിയത്. ഉള്ളൂർ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ് മർദനമേറ്റത്. ഹെല്‍മെറ്റ് ഉപയോഗിച്ച് ബിനുവിനെയും മറ്റൊരു ബന്ധുവിനെയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണ് പരാതി.
ബിനുവും കൂട്ടുകാരും കണ്ണന്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാൻ ക്ഷണിക്കുന്നതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇത് ചോദ്യം ചെയ്യുന്നത് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കണ്ണൻ കോടതിയില്‍ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് നിരസിച്ചു. തുടർന്നാണ് മെഡിക്കല്‍ കോളജ് പോലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


