തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2,71,42,952 വോട്ടർമാരാണ് ആകെ പട്ടികയിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഇതിൽ 1,39,21,868 സ്ത്രീകളും 1,32,20,811 പുരുഷന്മാരും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 4,66,408 കന്നിവോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കാത്തിരിക്കുകയാണ്.
വായോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണ പ്രത്യേകതകളുണ്ട്. 100 മുതൽ 109 വയസ്സുവരെയുള്ള 1,501 വോട്ടർമാരും 110 മുതൽ 119 വയസ്സുവരെയുള്ള 54 പേരും പട്ടികയിലുണ്ട്. പ്രായം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 40 മുതൽ 49 വയസ്സുവരെയുള്ളവരാണ് വോട്ടർമാരിൽ ഭൂരിഭാഗവും (56,32,036 പേർ).
ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്താണ് (36,32,210). സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരേക്കാൾ പുരുഷ വോട്ടർമാരുള്ള ഏക ജില്ലയും മലപ്പുറമാണ്. ഇവിടെ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളുമാണുള്ളത്. ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ തിരുവനന്തപുരമാണ മുന്നിൽ (52), തൊട്ടുപിന്നിൽ മലപ്പുറം (38) ജില്ലയുണ്ട്.
മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കിൽ മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (2,55,441). ആകെ വോട്ടർമാരിൽ 2,69,00,859 പേർ ജനറൽ ഇലക്ടറൽ വിഭാഗത്തിലും 2,42,093 പേർ വിദേശ ഇലക്ടറൽ വിഭാഗത്തിലും ഉൾപ്പെടുന്നു. കൂടാതെ 53,984 സർവീസ് വോട്ടർമാരും ഇത്തവണയുണ്ട്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് 2.78 കോടി വോട്ടർമാരാണ് കേരളത്തിലുണ്ടായിരുന്നത്. 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഇത് 2.54 കോടിയായിരുന്നു. പരിഷ്കരണത്തിന് ശേഷം 2.69 കോടി വോട്ടർമാരാണ് പുതിയ പട്ടികയിൽ ഇടംപിടിച്ചത്


