Headlines

റോഡിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുകാരന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയിൽ

കാഞ്ഞിരപ്പള്ളി: റോഡിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുകാരന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട ചിറ്റാർ വില്ലേജിലെ മണക്കയം പുത്തൻപറമ്പിൽ ഹൗസിൽ 48 കാരനായ ഷാജി തോമസ് എന്ന അച്ചായി ഷാജിയെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത്.


കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. റോഡിൽ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് നീല സ്‌കൂട്ടറിൽ എത്തിയ പ്രതി ആദ്യം വിവരങ്ങൾ ചോദിച്ചറിയുകയും, കുട്ടിയുടെ കഴുത്തിലുള്ള മാല ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തി മാല വലിച്ച് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തെ തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെ പ്രതി തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ മാർച്ച് ആദ്യത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ എത്തി വാഹനം ഉപേക്ഷിച്ച് ഒരു ലോറിയിൽ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പിന്നീട് കേരളത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുമളിയിൽ വെച്ച് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി ഏകദേശം 25ഓളം മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഷാജി തോമസ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർന്നെടുത്ത സ്വർണമാല കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: