ആലുവ: നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി അപ്രതീക്ഷിതമായി വലത്തോട്ടെടുത്തതിനെ തുടർന്ന് ബൈക്കിൽ ഇടിച്ചു. ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്ക് ദാരുണാന്ത്യം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്. ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിൻ്റെ മകൾ 23 കാരിയായ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി 22കാരനായ അശ്വിൻ ആൻ്റണിയെ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്നു ബൈക്ക്. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരിയാണ് നന്ദന. ലോറി അശ്രദ്ധമായി വെട്ടിച്ചപ്പോൾ പിന്നിൽ നിന്നു വന്ന ബൈക്കിൽ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ചു മറിഞ്ഞു. റോഡിൽ തലയടിച്ചു വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്. സെൻട്രൽ ജിഎസ്ടി ഓഫീസ് ജീവനക്കാരൻ ഹരിപ്രസാദിൻ്റെയും ശ്രീമൂലനഗരം പിഎച്ച്‌സിയിലെ നഴ്‌സ് സാൻ്റിയുടെയും മകളാണ് നന്ദന. സഹോദരി: നിവേദ്യ


