കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളിൽ, 102 എണ്ണത്തിൽ ഇന്ന് മുതൽ സംയുക്ത പരിശോധന ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS), കിഫ്‌കോൺ (KIFCON) എന്നിവയുടെ പ്രതിനിധികളാണ് പരിശോധന നടത്തുന്നത്.
ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന.
മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉൾപ്പെടുത്തുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീടുകളിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗം അടയാളപ്പെടുത്തി അപ്രോക്‌സി പ്രഷർ ഗ്രൗട്ടിങ് നടത്തിയിട്ടുണ്ട്. ശേഷം വാട്ടർപ്രൂഫും സ്‌ക്രീഡ് കോൺക്രീറ്റിങ്ങും നടത്തും.
308 വീടുകളുടെ വാർപ്പ് പൂർത്തിയായി.ടൗൺഷിപ്പിൽ ഇതുവരെ 308 വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് താമസസജ്ജമായ 178 വീടുകൾക്കൊപ്പംതന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധപ്രവൃത്തികളും പുരോഗമിക്കുകയാണ്

