ഭോപാലിൽ പുതിയ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന ശുഭ്ര രഞ്ജനെ ഡൽഹിയിൽ നിന്നും വിളിച്ചുവരുത്തുകയായിരുന്നു. ഭോപാലിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്ന അവരെ പ്രിയങ്ക് തന്റെ വാഹനത്തിൽ കയറ്റി ബാഗ്സെവാനിയ പ്രദേശത്തുള്ള ഒരു വാടക ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ തോക്കുകളുമായി കാത്തുനിന്ന ഗുണ്ടാസംഘം അവരെയും സഹപ്രവർത്തകരെയും ബന്ദികളാക്കുകയായിരുന്നു.
ശുഭ്ര രഞ്ജന്റെയും മറ്റും നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ ഫ്ലാറ്റിൽ ഉച്ചത്തിൽ ‘സുന്ദരകാണ്ഡം’ പാരായണം സംഘടിപ്പിച്ചിരുന്നു. ഭക്തിയല്ല, മറിച്ച് ക്രൂരത മറയ്ക്കാനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് കാണുന്നത്. ഏകദേശം നാല് മണിക്കൂറോളം തോക്കിൻമുനയിൽ നിർത്തി 1.89 കോടി രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവർ നിർബന്ധപൂർവം മാറ്റിച്ചു. പൊലീസിനെ സമീപിക്കാതിരിക്കാൻ അവരെക്കൊണ്ട് നിർബന്ധപൂർവം ചില വിഡിയോകൾ റെക്കോർഡ് ചെയ്യിപ്പിക്കുകയും സഹപ്രവർത്തകരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം തട്ടിയ ശേഷം ഇവരെ വിട്ടയച്ചെങ്കിലും ഭോപാൽ ക്രൈംബ്രാഞ്ച് അതിവേഗം അന്വേഷണം ആരംഭിച്ചു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പ്രതിയായ പ്രിയങ്ക് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയും, പിന്നീട് അസുഖം അഭിനയിച്ച് ഭോപാൽ എയിംസ് ആശുപത്രിയിലെ ഐസിയുവിൽ അഭയം തേടുകയും ചെയ്തു. എന്നാൽ പൊലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രിയങ്കിനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാളുടെ അമ്മയും ഭാര്യയും പൊലീസിനെ തടയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കി. കേസിൽ പ്രിയങ്കിനൊപ്പം അഞ്ച് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിലൂടെ കൈക്കലാക്കിയ 1.89 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പൊലീസ് മരവിപ്പിച്ചതായും, തുക ഉടൻ യഥാർത്ഥ ഉടമയ്ക്ക് തിരിച്ചുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ അക്കാദമിയുടെ പ്രവർത്തനരീതികളെക്കുറിച്ച് പ്രിയങ്കിന് വ്യക്തമായ അറിവ് ലഭിച്ചിരുന്നു. ഈ പരിചയവും സ്വാധീനവും ഉപയോഗപ്പെടുത്തി വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ


