തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. ആദ്യ ലീഡ് നിലകൾ രാവിലെ 9 മണിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ തന്നെ മുഴുവൻ ഫലങ്ങളും അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മദ്യവിൽപന നിരോധിച്ചു. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കില്ല.
ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. രാവിലെ 8.30 മുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ (ഇവിഎം) വോട്ടുകളും തുറക്കും. സ്ട്രോങ് റൂമുകളിൽ നിന്നുള്ള തപാൽ ബാലറ്റുകൾ 50 വീതം കെട്ടുകളാക്കി പരിശോധിച്ച ശേഷമാണ് എണ്ണൽ ആരംഭിക്കുക. ഓരോ റൗണ്ടും പൂർത്തിയാകാൻ ഏകദേശം അരമണിക്കൂർ വരെ വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
2021ലെ കക്ഷിനില
ആകെ സീറ്റുകൾ – 140
എൽഡിഎഫ് – 99
യുഡിഎഫ് – 41
സർവീസ് വോട്ടർമാരായുള്ള 53,984 പേരിൽ ഇതുവരെ 20,028 പേർ വോട്ടു രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മേയ് 1 വരെയുള്ള കണക്കാണിത്. ഇന്നു രാവിലെ 8നു മുൻപു ലഭിക്കുന്ന തപാൽ ബാലറ്റുകളും വോട്ടെണ്ണലിനു പരിഗണിക്കും. നേരത്തേ 79.63 ആയിരുന്ന പോളിങ് ശതമാനം തപാൽ ബാലറ്റുകൾ ചേർത്ത് 79.70% ആയി.
കനത്ത സുരക്ഷ
വോട്ടെണ്ണലിനായി സംസ്ഥാനത്താകെ 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 32,301 പൊലീസുകാരും 20 കമ്പനി കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. ഓരോ റൗണ്ടിലും 12 മുതൽ 14 വരെ ബൂത്തുകളുടെ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ മേശകളിൽ സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥി ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഇവിഎം ഫലങ്ങൾ പരിശോധിച്ച് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തും. ഓരോ റൗണ്ടിലും ചില ഇവിഎമ്മുകൾ യാദൃശ്ചികമായി തിരഞ്ഞെടുത്ത് പുനഃപരിശോധനയും നടത്തും. വ്യത്യാസം കണ്ടെത്തിയാൽ മുഴുവൻ റൗണ്ടിന്റെയും പരിശോധന ആവർത്തിക്കും.
വിവിപാറ്റ് പരിശോധനയും നിർണായകം
ഓരോ മണ്ഡലത്തിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. ഇതിന് അധികമായി ഒരു മണിക്കൂർ വരെ വേണ്ടിവരും. ഇവിഎം കണക്കുകളിലും ഫോം 17 സി വിവരങ്ങളിലുമുള്ള വ്യത്യാസങ്ങൾ കണ്ടെത്തിയാൽ കൂടുതൽ വിവിപാറ്റ് പരിശോധനയും നടക്കും.
പരാതികൾക്ക് ഹെൽപ് ലൈൻ
വോട്ടെണ്ണലിനിടെ അക്രമമോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ടോൾ ഫ്രീ നമ്പറായ 1950ൽ വിവരം അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
ക്യുആർ കോഡ് തിരിച്ചറിയൽ സംവിധാനം
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനായി ഉദ്യോഗസ്ഥർക്കും സ്ഥാനാർഥി ഏജന്റുമാർക്കും ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡുകളാണ് ഇത്തവണ വിതരണം ചെയ്തിരിക്കുന്നത്. കാസർകോട് മണ്ഡലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഇപ്പോൾ സംസ്ഥാനതലത്തിൽ പ്രാവർത്തികമാക്കി.
മറ്റ് സംസ്ഥാനങ്ങളുടെയും ഫലം ഇന്ന്
കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന് നടക്കും. ആകെ 824 മണ്ഡലങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ റീപോളിങ് നടന്നതിനാൽ അവിടത്തെ ഫലം പിന്നീട് പ്രഖ്യാപിക്കും


