റോഡിന് നടുക്ക് 15 അടി താഴ്ചയിൽ വലിയ ഗർത്തം; സോഹ്ന റോഡ് എക്സ്പ്രസ് വേ വീണ്ടും ഇടിഞ്ഞ് താഴ്ന്നു, ഗതാഗത നിയന്ത്രണം



          

ഗുരുഗ്രാം : ഹരായാനയിൽ ഗുരുഗ്രാമിലെ സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ നടുക്ക് വീണ്ടും വൻ ഗർത്തം. സുഭാഷ് ചൗക്കിന് സമീപാണ് സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ പ്രധാന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടത്. ഏകദേശം 15 അടിയോളം താഴ്ചയുള്ള ഗ‍ർത്തമാണ് രൂപപ്പെട്ടത്. തകർന്ന റോഡിന് താഴെ മലിന ജലം ഒഴുകുന്നത് പുറത്ത് വന്ന ചിത്രങ്ങളിൽ വ്യക്തമാണ്. റോഡിന് താഴെ ഒഴുകുന്ന മലിന ജലം ഒഴിവാക്കാനായി ഡ്രെയിനേജ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യാത്തതിലുള്ള വീഴ്ചയാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണമെന്നാണ് നിഗമനം.

ഗതാഗത തിരക്കില്ലാത്ത സമയത്താണ് കുഴി രൂപപ്പെട്ടത്. വലിയ അപകടമാണ് തലനാരിഴക്ക് ഒഴിവായത്. റോഡിന് നടുക്ക് ഗ‍ർത്തം രൂപപ്പെട്ടതോടെ ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേയുടെ ഭാഗം താഴ്ന്ന് ഗർത്തം രൂപപ്പെട്ടത് ആസൂത്രണത്തിലും നിർമ്മാണ മേൽനോട്ടത്തിലും വന്ന ഗുരുതരമായ പരാജയമാണെന്ന് വിദഗ്ദ്ധർ ആരോപിച്ചു.

സോഹ്ന റോഡ് എക്സ്പ്രസ് വേയിൽ നേരത്തേയും സമാനമായ രീതിയിൽ വലിയ ഗ‍ർത്തങ്ങൾ രൂപപ്പെട്ടിരുന്നു. അന്ന് താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡ് ഇടിഞ്ഞതിന് കാരണം കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. റോഡിന് അടിവശത്ത് മലിനജലം ഒഴുകുന്നത് സംബന്ധിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സ്ഥിരമായ പരിഹാരം കാണാൻ സാധിക്കാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: