Headlines

പെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം; ഒരാൾക്ക് പരമാവധി 200 ലിറ്റർ ഡീസലും 5000 രൂപവരെ പെട്രോളും

  
  
കൊച്ചി  : ഇന്ധന വില വർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം.

ശരാശരി വിൽപ്പന കണക്കാക്കി പരിമിതമായ ദിവസങ്ങൾക്കുള്ള ഇന്ധന ശേഖരമാണ് ആഴ്ചകളായി പമ്പ് ഉടമകൾക്ക് ഇന്ധനക്കമ്പനികൾ നൽകുന്നത്. ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയതോടെ വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥയും പമ്പുകളിലെ ഇന്ധനശേഖരത്തെ ബാധിക്കുന്നുണ്ട്.

സംസ്ഥാനത്ത് 2500 പെട്രോൾ പമ്പുകളാണുള്ളത്. നിലവിൽ രണ്ടുദിവസത്തേക്കുള്ള സ്റ്റോക്ക് വരെയാണ് പമ്പുകൾക്ക് അനുവദിക്കുന്നത്.

12,000, 14,000, 24,000 ലിറ്റർ ശേഷിയുള്ള ടാങ്കറിലാണ് പമ്പിലേക്ക് ഇന്ധനം എത്തിക്കുന്നത്. 12,000 ലിറ്ററിന്റെ ടാങ്കറിൽ ഇന്ധനമെത്തിക്കുന്ന പമ്പിൽ, വിൽപ്പന അനുസരിച്ച് 8000 ലിറ്റർ ഡീസൽ, 4000 ലിറ്റർ പെട്രോൾ എന്നിങ്ങനെ എത്തിക്കാനാകും.

മോശമല്ലാത്ത കച്ചവടം നടക്കുന്ന പമ്പിൽ ദിവസേന ശരാശരി 2000 ലിറ്റർ പെട്രോളും 5000 ലിറ്റർ ഡീസലും വിൽക്കുമെന്നാണ് കണക്ക്. നഗര-ഗ്രാമ പ്രദേശത്തിന് അനുസരിച്ച് പെട്രോൾ 8000 ലിറ്റർവരെയും ഡീസൽ 10,000 ലിറ്റർവരെയും വിറ്റുപോകുന്ന പമ്പുകളുമുണ്ട്. പമ്പുകൾ ‘സ്റ്റോക്ക്ഔട്ട്’ ആകാതെ വിൽപ്പന നീട്ടാനാണ് നിലവിലെ നിയന്ത്രണമെന്നാണ്‌ വിലയിരുത്തൽ. പമ്പുകൾക്ക് ഇന്ധനം നൽകുന്നതിൽ നിലവിൽ നിയന്ത്രണം ഇല്ലെന്നാണ് ഇന്ധനക്കമ്പനികൾ വ്യക്തമാക്കുന്നത്.

ഈ സ്ഥിതിയിൽ കൂടുതൽ ഉപഭോക്താക്കൾ എത്തുകയും സ്റ്റോക്ക് എത്താൻ വൈകുകയും ചെയ്താൻ പമ്പുകളിലെ വിൽപ്പന അവതാളത്തിലാകുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം.എം. ബഷീർ പറഞ്ഞു.

രാജ്യത്ത് രണ്ടുമാസത്തേക്കുള്ള അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ശേഖരവും ഒന്നരമാസത്തേക്കുള്ള എൽ.പി.ജി.യുമുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അസംസ്കൃത എണ്ണയുടെ ഉയർന്ന വിലകാരണം എണ്ണക്കമ്പനികൾ ദിവസേന ഏകദേശം 1600 കോടിയുടെ നഷ്ടം സഹിക്കുന്നതായും അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: