അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് നറുക്ക് വീണു.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ യുവതാരങ്ങൾക്ക് വലിയ അവസരമാണ് സെലക്ടർമാർ നൽകിയിരിക്കുന്നത്.യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ ടീമിലുണ്ട്.
ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടും സഞ്ജു സാംസണെ ഏകദിന ഫോർമാറ്റിലേക്ക് പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. കെ.എൽ. രാഹുൽ തന്നെയാണ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ.ഐപിഎല്ലിലും ലോകകപ്പിലും മിന്നും ഫോമിലുള്ള ഇഷാൻ കിഷൻ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരിച്ചെത്തി.
വർക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രമുഖ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു. ഇതോടെ യുവ ഫാസ്റ്റ് ബൗളർമാരായ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, സ്പിന്നർ ഹർഷ് ദുബെ എന്നിവർക്ക് അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്ക് വിളി വന്നു. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്.
ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടംനേടിയിട്ടുണ്ട്. വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് സ്പിൻ നിരയെ നയിക്കുക. അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് നിരയിലെ പരിചയസമ്പന്നർ.
ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാര്‍ദിക് പാണ്ഡ്യ , നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷണ, പ്രിൻസ് യാദവ്, ഗുർണൂർ ബ്രാർ, ഹർഷ് ദുബെ
സഞ്ജു ഇല്ല പകരം ഇഷാൻ കിഷൻ; അഫ്ഗാൻ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

