കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്



തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. സംസ്ഥാനത്തിന് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഏകദേശ ധാരണയുണ്ടായേക്കും.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കില്‍ പ്രതിമാസം 60 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡിയായി നല്‍കേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കര്‍ണാടകയില്‍ എ സി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് സ്ത്രീകള്‍ എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: