തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലായി സീറ്റ് വർധന നടപ്പാക്കിയതോടെ ഇത്തവണ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശന സാധ്യത ഉയരും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനയും നടപ്പാക്കി. കഴിഞ്ഞ വർഷം പിന്തുടർന്ന അതേ മാതൃകയിലാണ് ഇത്തവണയും സീറ്റ് കൂട്ടിയത്.
കൂടാതെ, നേരത്തെ അനുവദിച്ചിരുന്ന 313 അധിക ബാച്ചുകൾ തുടരാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഉയർന്ന പ്രവേശന ആവശ്യകത പരിഗണിച്ചാണ് നടപടി.
ഇതിനൊപ്പം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ രജിസ്ട്രേഷനും ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (HSCAP) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി. പരീക്ഷയോ തുല്യതാ പരീക്ഷകളോ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹത ഉണ്ടായിരിക്കും


