Headlines

കുടുംബ സാഹചര്യവുമായി ‘അഡ്ജസ്റ്റ് ചെയ്യാൻ’ ആവശ്യപ്പെട്ടതിന് ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാനാകില്ല: സുപ്രിംകോടതി


ന്യൂഡൽഹി: ഭർത്താവിനെ പിന്തുണച്ചതിനോ, കുടുംബ സാഹചര്യങ്ങളുമായി ‘അഡ്ജസ്റ്റ് ചെയ്തു പോകാൻ’ ആവശ്യപ്പെട്ടതിനോ മാത്രം ഒരു സ്ത്രീയുടെ ഭർതൃവീട്ടുകാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവ ആരോപിച്ച് ഭർതൃവീട്ടുകാർക്കെതിരെ ചുമത്തിയിരുന്ന ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്.

ഭർതൃവീട്ടുകാർക്കെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങൾ പൊതുവായതും വ്യക്തതയില്ലാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനെ പിന്തുണയ്ക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു, അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു അല്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് പോകാൻ പറയുന്നു തുടങ്ങിയ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.

വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ, പ്രതി ചേർക്കപ്പെടുന്ന ഓരോ വ്യക്തിക്കെതിരെയുമുള്ള ആരോപണങ്ങൾ കൃത്യവും വ്യക്തവുമായിരിക്കണം. ക്രൂരതയിലോ സ്ത്രീധന പീഡനത്തിലോ അവർക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകൾ ഉണ്ടായിരിക്കണം. എന്നാൽ ഈ കേസിൽ പ്രതികളായ ഭർതൃവീട്ടുകാർക്കെതിരെ അത്തരം വ്യക്തമായ തീയതിയോ, സംഭവങ്ങളോ, പീഡന മുറകളോ കൃത്യമായി ചൂണ്ടിക്കാണിക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് 65 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

വ്യക്തമായ തെളിവുകളില്ലാതെ ഭർതൃവീട്ടുകാർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിപരമായ വൈരാഗ്യം തീർക്കാനോ കുടുംബാംഗങ്ങളോട് പകരം വീട്ടാനോ ഉള്ള ആയുധമായി ക്രിമിനൽ നിയമത്തെ മാറ്റാൻ അനുവദിക്കില്ല. ഭർത്താവുമായുള്ള ബന്ധത്തിന്റെ പേരിൽ മാത്രം ബന്ധുക്കളെ പ്രതി ചേർക്കുമ്പോൾ കോടതികൾ അതീവ ജാഗ്രത പുലർത്തണമെന്നും സുപ്രിംകോടതി ഓർമിപ്പിച്ചു.

2019 നവംബറിലായിരുന്നു മധ്യപ്രദേശിൽ റവന്യൂ ഇൻസ്‌പെക്ടറായ യുവാവുമായി പരാതിക്കാരിയായ യുവതിയുടെ വിവാഹം നടന്നത്. വിവാഹസമയത്ത് 31 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും നൽകിയിരുന്നതായും, പിന്നീട് ഭർത്താവ് കൂടുതൽ പണമാവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങിയതായും യുവതി ആരോപിച്ചു. കൂടുതൽ സ്ത്രീധനം നൽകിയില്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ അമ്മായിയമ്മയും നാത്തൂനും ആവശ്യപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു.

തുടർന്ന് 2023 ജനുവരിയിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുണ കോടതി ഗാർഹിക പീഡനക്കേസ് രജിസ്റ്റർ ചെയ്തു. ഈ എഫ്‌ഐആർ റദ്ദാക്കാൻ മധ്യപ്രദേശ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഭർതൃവീട്ടുകാർ 2024 നവംബറിൽ സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനിടെ 2023-ൽ കുടുംബ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചിരുന്നു.

യഥാർഥ ഗാർഹിക പീഡന കേസുകളെക്കുറിച്ച് കോടതി ബോധവാന്മാരാണെന്നും, വൈകാരികമോ സാമ്പത്തികമോ ആയ പീഡനങ്ങൾക്ക് എപ്പോഴും വ്യക്തമായ തെളിവുകളോ സാക്ഷികളോ ലഭിക്കണമെന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. തെളിവുകളുടെ അഭാവംകൊണ്ട് മാത്രം ഇരയുടെ മൊഴി തള്ളിക്കളയാനാകില്ല. ഇത്തരം സാമൂഹിക തിന്മകൾ തടയാനാണ് ഗാർഹിക പീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും നിർമിച്ചിട്ടുള്ളത്. എന്നാൽ, വ്യക്തമായ അടിത്തറയില്ലാതെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ക്രിമിനൽ നിയമത്തിന്റെ പരിധിയിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്ന് കോടതികൾ ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: