കോഹ്‌ലിയുടെ മാസ്മരിക ഇന്നിങ്‌സ്; തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ആർസിബിക്ക്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും ചാമ്പ്യൻമാരായി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

വിജയശിൽപിയായത് വിരാട് കോലിയായിരുന്നു. 42 പന്തിൽ പുറത്താകാതെ 75 റൺസെടുത്ത താരം ആർസിബിയുടെ ചേസിങ്ങിന് കരുത്തായി. 25 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ കോലി, ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും കുറിച്ചു. നായകൻ രജത് പാട്ടിദാർ തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന നേട്ടവും സ്വന്തമാക്കി. മഹേന്ദ്ര സിങ് ധോണിക്കും രോഹിത് ശർമയ്ക്കും ശേഷമാണ് പാട്ടിദാർ ഈ പട്ടികയിൽ ഇടം നേടുന്നത്.

മറുപടി ബാറ്റിങ്ങിൽ ആർസിബി തകർപ്പൻ തുടക്കമാണ് കുറിച്ചത്. വെങ്കടേഷ് അയ്യരും കോലിയും ചേർന്ന് പവർപ്ലേയിൽ തന്നെ ഗുജറാത്ത് ബൗളർമാരെ സമ്മർദത്തിലാക്കി. 16 പന്തിൽ 32 റൺസെടുത്ത അയ്യർ അഞ്ചാം ഓവറിൽ മടങ്ങിയെങ്കിലും കോലി ആക്രമണം തുടർന്നു. ദേവദത്ത് പടിക്കൽ ഒരു റൺസിന് പുറത്തായി.

മൂന്നാം വിക്കറ്റിൽ രജത് പാട്ടിദാറിനൊപ്പം കോലി സ്കോർ മുന്നോട്ടുകൊണ്ടുപോയെങ്കിലും റാഷിദ് ഖാന്റെ ഒൻപതാം ഓവർ മത്സരത്തിൽ വഴിത്തിരിവായി. പാട്ടിദാറിനെയും ക്രുണാൽ പാണ്ഡ്യയെയും പുറത്താക്കി റാഷിദ് ആർസിബിയെ സമ്മർദത്തിലാക്കി. പത്തോവറിൽ 100-4 എന്ന നിലയിലായിരുന്ന ബെംഗളൂരുവിനെ ടിം ഡേവിഡിനൊപ്പമുള്ള കോലിയുടെ കൂട്ടുകെട്ടാണ് തിരിച്ചെത്തിച്ചത്. ഡേവിഡ് 24 റൺസെടുത്ത് പുറത്തായ ശേഷം ജിതേഷ് ശർമയ്ക്കൊപ്പം കോലി വിജയം ഉറപ്പിച്ചു.

അതിന് മുമ്പ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ (10), സായ് സുദർശൻ (12) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ജോസ് ബട്ട്‌ലർ (19), നിഷാന്ത് സിന്ധു (20) എന്നിവർ ചെറുത്തുനിന്നെങ്കിലും ആർസിബി ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി.

മധ്യനിരയിൽ അർഷാദ് ഖാൻ ആറു പന്തിൽ 15 റൺസുമായി തിളങ്ങിയെങ്കിലും ഗുജറാത്തിനെ മത്സരക്ഷമമായ സ്കോറിലെത്തിക്കാൻ വലിയ പങ്കുവഹിച്ചത് വാഷിങ്ടൺ സുന്ദറായിരുന്നു. ഒരറ്റത്ത് ഉറച്ചുനിന്ന താരം അർധസെഞ്ചുറി നേടി ടീമിനെ 150 കടത്താൻ സഹായിച്ചു. ബെംഗളൂരുവിനായി റാസിഖ് സലാം ധർ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോൾ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം നേടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: