അറ്റ്ലാന്റ: അവസാന നിമിഷങ്ങളിലെ ആവേശം നിറഞ്ഞ തിരിച്ചുവരവിലൂടെ നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ലീഡ് നേടിയ ഇംഗ്ലണ്ടിനെ 2-1ന് മറികടന്നാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ ആദ്യം വലകുലുക്കിയപ്പോൾ, എൻസോ ഫെർണാണ്ടസും ഇൻജുറി ടൈമിൽ ലൗതാരോ മാർട്ടിനസും നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ജൂലൈ 20-ന് പുലർച്ചെ 12.30-ന് നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമണശ്രമങ്ങൾ നടത്തിയെങ്കിലും ഫൗളുകളും തർക്കങ്ങളും കളിയുടെ താളം തെറ്റിച്ചു. പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും നിർണായക അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. മെസ്സിക്ക് ലഭിച്ച ഒരു അവസരം ഓഫ്സൈഡിൽ അവസാനിച്ചപ്പോൾ, ഇംഗ്ലണ്ടിന്റെ ഫ്രീകിക്ക് ശ്രമവും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആക്രമണതീവ്രത കൂട്ടിയ ഇംഗ്ലണ്ട് 55-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഡെക്ലാൻ റൈസിന്റെ പാസിൽ നിന്ന് മോർഗൻ റോജേഴ്സ് നൽകിയ കൃത്യമായ ക്രോസ് ആന്തണി ഗോർഡൻ വലയിലെത്തിച്ചതോടെ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.
ഗോൾ വഴങ്ങിയതോടെ അർജന്റീന ആക്രമണം ശക്തമാക്കി. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഇംഗ്ലണ്ടിന്റെ പ്രതിരോധത്തെ സമ്മർദത്തിലാക്കിയെങ്കിലും ഗോൾകീപ്പർ ജോർദാൻ പിക്ഫോഡിന്റെ മികച്ച സേവുകൾ ഇംഗ്ലണ്ടിന് കരുത്തായി.
എന്നാൽ 85-ാം മിനിറ്റിൽ അർജന്റീനയ്ക്ക് സമനില ലഭിച്ചു. മെസ്സിയുടെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച അവസരത്തിൽ എൻസോ ഫെർണാണ്ടസ് ദൂരത്തുനിന്ന് ഉതിർത്ത ശക്തമായ ഷോട്ട് പിക്ഫോഡിനെ മറികടന്ന് വലയിലെത്തി.
സമനിലയുടെ ആഘാതത്തിൽ നിന്ന് കരകയറുംമുമ്പേ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ കൃത്യമായ ക്രോസിൽ പകരക്കാരനായ ലൗതാരോ മാർട്ടിനസ് ഉയർന്ന് നേടിയ ഹെഡർ വലയിലെത്തിയതോടെ അർജന്റീന 2-1ന് മുന്നിലെത്തി.
അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഇംഗ്ലണ്ട് നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. അവസാന വിസിൽ മുഴങ്ങിയതോടെ അർജന്റീനൻ താരങ്ങൾ ഫൈനൽ പ്രവേശനം ആഘോഷിക്കുമ്പോൾ, വിജയമുറപ്പിച്ചെന്ന പ്രതീക്ഷയിൽ നിന്നിരുന്ന ഇംഗ്ലണ്ടിന് നിരാശയോടെ മടങ്ങേണ്ടിവന്നു


