Headlines

നീറ്റ് പുനഃപരീക്ഷ; കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍



ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയും ഓൺലൈൻ തട്ടിപ്പുകളും തടയാൻ കേന്ദ്രത്തിന്റെ കർശന നടപടികൾ. പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍. കൂടാതെ ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അതേസമയം ടെലഗ്രാമിന്റെ താത്കാലിക വിലക്കിനെതിരെ സ്ഥാപകന്‍ പാവല്‍ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണെന്നും അടിസ്ഥാന പ്രശ്‌നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും ദുരോവ് പറഞ്ഞു. ഇതിലൂടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കുറ്റവാളികളെ കണ്ടെത്താനാകില്ല. മാത്രമല്ല, ടെലഗ്രാമിനെതിരായ നടപടി ആളുകളെ മറ്റൊരു ആപ്പിലേക്ക് മാറാന്‍ മാത്രമേ പ്രേരിപ്പിക്കുകയുള്ളുവെന്നും ദുരോവ് ചൂണ്ടിക്കാട്ടി.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശമനുസരിച്ച് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് മന്ത്രാലയത്തിന്റെ നടപടി. ടെലഗ്രാമില്‍ വ്യാപകമായി വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് നീറ്റിന്റെ ആരോപണം. ഇതിനുപിന്നില്‍ പേപ്പര്‍ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ എന്നീ പേരുകളിലുള്ള മാഫിയകളാണ്. ഇത്തരം മാഫിയകൾ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച് പണം തട്ടിയതായും നീറ്റ് ആരോപിക്കുന്നു.

നിലവില്‍ ജൂണ്‍ 30 വരെ ടെലഗ്രാം ആപ്പിന്റെ എഡിറ്റിങ് ഫീച്ചറും പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. സുഗമമായ പരീക്ഷാ നടത്തിപ്പിനായി ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ നീക്കം ചെയ്യുന്നത്.

ജൂണ്‍ 21നാണ് നീറ്റിന്റെ പുനഃപരീക്ഷ നടക്കുന്നത്. മെയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരീക്ഷ റദ്ദാക്കിയത്. 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതിയിരുന്നത്.

അതേസമയം, പരീക്ഷാ ചോദ്യപേപ്പർ മുൻകൂട്ടി ലഭ്യമാക്കാമെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങളും ഓഫറുകളും പൂർണമായും തട്ടിപ്പാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: