Headlines

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് നഗരത്തിൽ 2000 ഹാൻസ് പാക്കറ്റുകൾ പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നഗരമധ്യത്തിൽ നിന്ന് ഏകദേശം 2000 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു


ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചെറൂട്ടി റോഡിൽവെച്ചാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് ടൊയോട്ട എറ്റിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു.

കാറോടിച്ചിരുന്ന കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിയായ മിഥിലാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും തടയുന്നതിനായി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വ്യാപക പരിശോധന തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: