കോൺഗ്രസിന് അപ്രതീക്ഷിത നേട്ടം സമ്മാനിച്ച് കർണാടക നിയമസഭയിൽ നിന്ന് നടന്ന എംഎൽസി തിരഞ്ഞെടുപ്പ് ഫലം. ഏഴ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ അഞ്ച് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ രണ്ട് സീറ്റുകൾ ബിജെപി നേടി. ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി-ജെഡിഎസ് സഖ്യത്തിലെ എംഎൽഎമാരിൽ നിന്നുണ്ടായ ക്രോസ് വോട്ടിങ്ങാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്
കോൺഗ്രസ് സ്ഥാനാർഥികളായ ബി.കെ. ഹരിപ്രസാദ്, പി.വി. മോഹൻ, തിപ്പണ്ണപ്പ കമകനൂർ, ശിവണ്ണ മലവള്ളി, വിനയ് കാർത്തിക് പ്രകാശ് എന്നിവർ വിജയിച്ച് എംഎൽസിമാരായി. ബിജെപിക്കായി ലിംഗരാജ് പാട്ടീലും ആർ. രഘുവും വിജയിച്ചപ്പോൾ ജെഡിഎസ് സ്ഥാനാർഥി ഗോവിന്ദരാജു പരാജയപ്പെട്ടു. അദ്ദേഹത്തിന് ലഭിച്ചത് വെറും 14 വോട്ടുകളാണ്.
224 അംഗ കർണാടക നിയമസഭയിൽ കോൺഗ്രസിന് 135 അംഗങ്ങളാണുള്ളത്. എന്നാൽ, പാർട്ടിയുടെ അഞ്ച് സ്ഥാനാർഥികൾ ചേർന്ന് നേടിയത് 151 വോട്ടുകളാണ്. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ നിന്ന് ഗണ്യമായ തോതിൽ ക്രോസ് വോട്ടിംഗ് നടന്നതായി വ്യക്തമായി. ബിജെപി-ജെഡിഎസ് സഖ്യത്തിന് ആകെ 82 എംഎൽഎമാരുള്ളപ്പോൾ വിജയിച്ച രണ്ട് ബിജെപി സ്ഥാനാർഥികൾക്ക് ലഭിച്ചത് 56 വോട്ടുകളും ജെഡിഎസ് സ്ഥാനാർഥിക്ക് ലഭിച്ചത് 14 വോട്ടുകളുമാണ്. ശേഷിക്കുന്ന വോട്ടുകളിൽ ഒരു വിഭാഗം കോൺഗ്രസിലേക്ക് വഴിമാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്രോസ് വോട്ട് ചെയ്തവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കർണാടക ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപിയിൽ നിന്ന് എട്ടും ജെഡിഎസിൽ നിന്ന് നാലും വോട്ടുകൾ വഴിമാറിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിൽ എത്ര വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്നും എത്ര വോട്ടുകൾ അസാധുവായെന്നും സംബന്ധിച്ച അന്തിമ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല.
തിരഞ്ഞെടുപ്പിന് മുമ്പ് കൂറുമാറ്റ സാധ്യതകൾ കണക്കിലെടുത്ത് പ്രധാന പാർട്ടികൾ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. ഒരു സ്ഥാനാർഥിയുടെ വിജയത്തിന് 28 വോട്ടുകൾ ആവശ്യമായ സാഹചര്യത്തിൽ നാല് സ്ഥാനാർഥികളുടെ വിജയം ഉറപ്പായിരുന്നിട്ടും കോൺഗ്രസ് അഞ്ചാമതൊരു സ്ഥാനാർഥിയെ രംഗത്തിറക്കി. ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയ്ക്കൊപ്പം പ്രതിപക്ഷ സഖ്യത്തിലെ അസംതൃപ്തരുടെ വോട്ടുകളും പാർട്ടി ലക്ഷ്യമിട്ടിരുന്നു. ഫലം പുറത്തുവന്നതോടെ ആ കണക്കുകൂട്ടൽ വിജയിച്ചതായി തെളിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രധാന രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ക്രോസ് വോട്ടിംഗിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്ന് പ്രതികരിച്ച അദ്ദേഹം, ചിലർ സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്തിരിക്കാമെന്നും അഭിപ്രായപ്പെട്ടു


