മദ്യനയം അടക്കം നയപരമായ കാര്യങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം കാര്യങ്ങളിൽ വേണ്ട സമയത്ത് ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്യും. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആ ആശങ്കകൾ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്ക് അകത്ത് ചർച്ചയുണ്ടാകും. സർക്കാരിന്റെ പ്രവർത്തനങ്ങൾ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ചില ഭാഗത്തു നിന്നും ചില ആശങ്കകൾ സ്വാഭാവികമായും ഉണ്ടാകും. പുതിയ സർക്കാർ വന്നതേയുള്ളൂ. സർക്കാരെടുക്കുന്ന നിലപാടുകളിൽ ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.


