Headlines

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ കാണാൻ വീടുവിട്ടിറങ്ങി; 11 വയസുകാരിയെ നാല് ദിവസം തടവിലാക്കി ലൈംഗിക പീഡനം; 21 പേർ അറസ്റ്റിൽ

ജയ്പൂർ: 11 വയസ്സും 11 മാസവും പ്രായമുള്ള പെൺകുട്ടിയെ നാല് ദിവസത്തിനിടെ നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടോ മൂന്നോ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അവരുടെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.


ജൂൺ 18-ന് കാണാതായ പെൺകുട്ടിയെ നാല് ദിവസത്തിന് ശേഷം ശ്രീ ഗംഗാനഗറിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു യുവാവിനെ കാണാനാണ് പെൺകുട്ടി വിജയനഗറിലെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം രാത്രി ബസ് സ്റ്റാൻഡിലെത്തിയ കുട്ടി ഒരു ഇലക്ട്രിക് ഓട്ടോയിൽ യാത്ര ചെയ്തതായും, ഓട്ടോ ഡ്രൈവർ കുട്ടിയെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയതോടെയാണ് ലൈംഗിക ചൂഷണം ആരംഭിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. History

അന്വേഷണത്തിൽ, ജൂൺ 18 മുതൽ 22 വരെ വിവിധ ഹോട്ടലുകളിൽ കുട്ടിയെ പാർപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഹോട്ടലുകൾ ഉൾപ്പെടെ നാല് ഹോട്ടലുകൾ അധികൃതർ പൊളിച്ചുനീക്കി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

1,000 മുതൽ 1,800 രൂപ വരെ ഈടാക്കിയാണ് ഇടപാടുകാർക്ക് പെൺകുട്ടിയെ കാഴ്ച്ചവെച്ചത്. ആവശ്യത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് തുകയിൽ വ്യത്യാസമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളുടെ എണ്ണവുമായി ബന്ധപ്പെട്ട് പെൺകുട്ടി വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത മൊഴികൾ നൽകിയതായും പോലീസ് വ്യക്തമാക്കി. പ്രായക്കുറവും മാനസിക ആഘാതവുമാണ് ഇതിന് കാരണമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട് പോലീസിന് നൽകിയ മൊഴിയിൽ 11 പേരെയും കോടതിയിൽ നൽകിയ മൊഴിയിൽ 16 പേരെയും കുട്ടി പരാമർശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ 32 പേർ ഉൾപ്പെട്ടിരുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അന്വേഷണ ഉദ്യോഗസ്ഥർ തള്ളി. അത്തരം കണക്കുകൾ ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമല്ലെന്നും പോലീസ് വ്യക്തമാക്കി. ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും കേസിലെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: