കാസർകോട്: കാസർകോട് ജില്ലയിലെ സ്‌കൂളുകളില്‍ റാഗിംഗ് കേസുകള്‍ കൂടുന്നു. പൈവളിഗെയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികള്‍ റാഗ് ചെയ്തു.
പരുക്കേറ്റ വിദ്യാർത്ഥിയെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൈവളിഗെ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസ് വിദ്യാർഥികള്‍ മർദിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിനും നെഞ്ചിനും പരുക്കേറ്റു. സ്കൂള്‍ വിട്ട് വരുമ്പോള്‍ പത്താം ക്ലാസ് വിദ്യാർഥികള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കുറ്റക്കായ വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂള്‍ അധികൃതരും അറിയിച്ചു. വർധിച്ചു വരുന്ന റാഗിംഗ് കേസുകളില്‍ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.അതേസമയം ഉദിനൂർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതിയുണ്ട്. ഷർട്ടിന്റെ ബട്ടണ്‍ ഇടാത്തത് ചോദ്യം ചെയ്ത് വിദ്യാർഥികള്‍ മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രക്ഷിതാക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്


