മൃതദേഹം കണ്ടെത്തിയില്ലെങ്കിലും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാം: സുപ്രിംകോടതി





ന്യൂഡല്‍ഹി: ഇരയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന കാരണത്താല്‍ മാത്രം കൊലപാതകക്കുറ്റം ഇല്ലാതാകില്ലെന്നും, വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാനാകുമെന്നും സുപ്രിംകോടതി. കുറ്റകൃത്യം നടന്നതായി തെളിയിക്കുകയാണ് നിയമം ആവശ്യപ്പെടുന്നതെന്നും മൃതദേഹം ഹാജരാക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചു.

അസം സ്വദേശിയായ ദേബോജിത് പണിക്ക ദത്തുപുത്രിയായ പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം തടവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രസന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാല്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. എന്നിരുന്നാലും, പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണെന്ന് സുപ്രിംകോടതി വിലയിരുത്തി. ‘കോര്‍പ്പസ് ഡെലിക്റ്റി’ എന്ന നിയമതത്വം വിശദീകരിച്ച കോടതി, അതിന്റെ അര്‍ഥം മൃതദേഹം കണ്ടെത്തണമെന്നല്ല, മറിച്ച് ഒരു കുറ്റകൃത്യം നടന്നതായി തെളിയിക്കണമെന്നാണ്. മരണം സംഭവിച്ചുവെന്നും അത് മറ്റൊരാളുടെ പ്രവൃത്തിയുടെ ഫലമാണെന്നും തെളിയിക്കാന്‍ കഴിയുന്നുവെങ്കില്‍, മൃതദേഹത്തിന്റെ അഭാവം ശിക്ഷയ്ക്ക് തടസ്സമാവില്ലെന്നും കോടതി വ്യക്തമാക്കി.

2015ലാണ് കേസിന് ആസ്പദമായ സംഭവം. മാതാവ് ചികില്‍സയ്ക്കായി പോയ സമയത്ത് കുട്ടി പ്രതിയുടെ സംരക്ഷണത്തിലായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് കേസ്. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ചെന്നും മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളാന്‍ പ്രതി നിര്‍ബന്ധിച്ചെന്നും സാക്ഷി മൊഴിനല്‍കിയിരുന്നു. മൃതദേഹം കണ്ടെത്താനായില്ലെന്ന കാരണത്താല്‍ കേസ് ദുര്‍ബലമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. പ്രതിയുമായി വ്യക്തിപരമായ വിരോധമുണ്ടായിരുന്നിട്ടും സാക്ഷി കള്ളസാക്ഷ്യം നല്‍കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ മൊഴിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണെന്നും, പെണ്‍കുട്ടിയെ കാണാതായതിന് ശേഷം 22 ദിവസത്തോളം പ്രതിക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നതും കേസില്‍ നിര്‍ണായക സാഹചര്യമായിരുന്നുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: