ന്യൂഡല്ഹി: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.ദേശീയ പതാക ഉയർത്തുന്നതിനായി പാർട്ടി പ്രഖ്യാപിച്ച തിരംഗ മാർച്ചിന് മുന്നോടിയായാണ് നടപടി. ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള് ലൈവ് ടെലിവിഷൻ സംപ്രേഷണത്തിലും കാണിച്ചു.
ഡല്ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രല് പാർക്കില് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദേശീയ പതാക ഉയർത്താനായിരുന്നു ദിപ്കെയുടെ ആഹ്വാനം. പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും കസ്റ്റഡിയിലെടുത്തതില് പ്രതിഷേധിച്ചായിരുന്നു മാർച്ച് പ്രഖ്യാപിച്ചത്. ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു.
മാർച്ചിന് അനുമതി നല്കിയിട്ടില്ലെന്നും പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള് നിലവിലുണ്ടെന്നും ഡല്ഹി പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്കിയിരുന്നു. അനുമതിയില്ലാതെ മാർച്ച് നടത്തുകയോ ജനക്കൂട്ടം സംഘടിപ്പിക്കുകയോ ചെയ്താല് നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ദിപ്കെ നേരത്തേ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തതിന്റെ സാഹചര്യങ്ങളും തുടർനടപടികളും സംബന്ധിച്ച കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.


