Headlines

മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിന്‍വലിച്ചില്ല; പ്രതികള്‍ പിതാവിനെ കൊന്നു കെട്ടിത്തൂക്കി

ജയ്പൂരില്‍ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാത്തതിനെ തുടർന്ന് പിതാവിനെ പ്രതികള്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പരാതി

58-കാരനായ പിതാവിന്റെ മൃതദേഹം കഴിഞ്ഞ ജൂലൈയില്‍ വീടിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജയ്പൂരിലെ കല്‍വാറില്‍ മകള്‍ കൂട്ടബലാത്സംഗത്തിനിരയായി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ സംഭവം. കേസില്‍ ആദ്യം ആത്മഹത്യയ്ക്ക് കേസെടുത്ത പൊലീസ്, കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ പുതിയ പരാതിയെ തുടർന്ന് ഇപ്പോള്‍ കൊലപാതക കുറ്റത്തിന് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂണില്‍ മകളെ തട്ടിക്കൊണ്ടുപോയി മുഖ്യപ്രതിയും മറ്റ് മൂന്ന് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് മരിച്ചയാളുടെ ഭാര്യയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടി തിരിച്ചെത്തിയതിനെ തുടർന്ന് മൊഴി രേഖപ്പെടുത്തുകയും നാല് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കേസ് രജിസ്റ്റർ ചെയ്തതോടെ കുടുംബത്തിന് നേരെ പ്രതികളുടെ ഭാഗത്തുനിന്ന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വധിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷം നാലുപേരും ചേർന്ന് പിതാവിനെ കൊലപ്പെടുത്തുകയും, ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ പുതിയ പരാതിയുടെ വെളിച്ചത്തില്‍ കൊലപാതക കുറ്റം ചുമത്തി പൊലീസ് അന്വേഷണം കൂടുതല്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: