പട്ന: വിവാഹത്തിന്റെ ആഘോഷങ്ങൾക്കു പിന്നാലെ നടന്ന വിരുന്ന് മരണവാർത്തയിൽ കലാശിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ബന്ധുക്കൾക്കും നാട്ടുകാർക്കുമായി ഒരുക്കിയ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26നായിരുന്നു സംഭവം. പട്ന സ്വദേശിയും ആയുർവേദ ഡോക്ടറുമായ പവൻ കുമാർ യാദവാണ് മരിച്ചത്.
നവംബർ 25ന് ഏറെ ആർഭാടത്തോടെയായിരുന്നു പവന്റെ വിവാഹം. ചടങ്ങുകൾക്കുശേഷം വധുവിനെയും കൂട്ടി സ്വന്തം ഗ്രാമമായ ചാന്ദ്പുരിലേക്ക് മടങ്ങി. അടുത്ത ദിവസം നാട്ടുകാർക്കും ബന്ധുക്കൾക്കുമായി വിവാഹസൽക്കാരം സംഘടിപ്പിച്ചിരുന്നു. അതിഥികൾക്കു മുന്നിൽ വധുവിനൊപ്പം പ്രത്യേകമായി ഒരുക്കിയ ഇരിപ്പിടത്തിൽ ഇരിക്കുമ്പോഴാണ് പവൻ പെട്ടെന്ന് കുഴഞ്ഞുവീണത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


