Headlines

നവജാത ശിശുവിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 19കാരിയെ നാട്ടുകാർ പിടികൂടി

മൂന്നാർ: പ്രസവിച്ചയുടൻ നവജാത ശിശുവിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 19കാരിയെ നാട്ടുകാർ പിടികൂടി. സൂര്യനെല്ലി സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നാർ ടൗണിലെ നല്ലതണ്ണി കവലയിലുള്ള പൊതുശൗചാലയത്തിൽ സംഭവം നടന്നത്. ക്ലോസറ്റിൽ കുഞ്ഞിനെ ഉപേക്ഷിച്ചശേഷം യുവതി തൊട്ടടുത്ത ശൗചാലയത്തിലേക്ക് മാറുകയായിരുന്നു. ഇതിനിടെ ശൗചാലയത്തിലെത്തിയ മൂന്നാർ സ്വദേശിനിയായ സ്ത്രീയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്ത ഇവർ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ശൗചാലയത്തിൽനിന്ന് പുറത്തുവന്ന യുവതിയോട് നാട്ടുകാർ വിവരങ്ങൾ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം യുവതി നിഷേധിച്ചു. എന്നാൽ വസ്ത്രത്തിലെ രക്തക്കറ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ യുവതിയെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നിലവിൽ കുഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതി അവിവാഹിതയാണെന്നും ഗർഭിണിയായിരുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.

വീട്ടുകാരോടൊപ്പം ഗുണ്ടുമലയിലെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നാണ് വിവരം. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: