വെമ്പായം: ബാർ റെസിഡൻസിയിലുണ്ടായ അക്രമണത്തിലും തീവെപ്പിലും പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
രണ്ടുദിവസം മുമ്പ് വെമ്പായം ബാർ റെസിഡൻസിയിൽ സംഘർഷവും തുടർന്ന് തീവെപ്പും ഉണ്ടായത്. വെമ്പായം തേക്കട സ്വദേശിയായ നവാസ് പിറ്റേ ദിവസം മരണപ്പെട്ടിരുന്നു.
ബാർ കൗണ്ടറിനുള്ളിൽ മദ്യപിക്കുന്നതിനിടയിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടയിൽ അനീഷ് പുറത്തുപോയി പെട്രോട്ടുമായി തിരികെയെത്തി ബാറിലുണ്ടായിരുന്നവർക്ക് നേരെ ഒഴിക്കുകയും തീയിടുകയും ചെയ്യുകയായിരുന്നു.
തീപിടുത്തത്തിനിടയിൽ പെട്രോൾ ദേഹത്ത് വീണ് അനീഷിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ഇയാളെയും പിന്നീട് പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


