തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകൾ മാറ്റാൻ തീരുമാനമായി. പഞ്ചസാര ഒഴിവാക്കി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ രുചി വർധിപ്പിക്കാനാണ് നീക്കം. ഇതിനായി കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രവുമായി വനിതാ ശിശുവികസനവകുപ്പ് ചർച്ച നടത്തി. ഒരേ രുചിയിലുള്ള പൊടി കുട്ടികൾ കഴിക്കുന്നില്ലെന്ന വ്യാപക പരാതിയെതുടർന്നാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നിട്ടുള്ളത്. മാത്രമല്ല അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
അമൃതം ന്യൂട്രിമിക്‌സിന്റെ നിർമാണത്തിലും വിതരണത്തിലും കാലാനുസൃതമായ മാറ്റംവരുത്തണമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷൻ നിർദേശിച്ചിരുന്നു. നിലവിൽ ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള എല്ലാവർക്കും ഒരേതരത്തിലുള്ള ന്യൂട്രിമിക്‌സ് ആണ് നൽകുന്നത്. ഇതിനുപകരം ആറുമാസംമുതൽ ഒരുവയസ്സുവരെ, ഒന്നുമുതൽ രണ്ടുവയസ്സുവരെ, രണ്ട് വയസ്സിനുമുകളിൽ എന്നിങ്ങനെ വ്യത്യസ്തതരത്തിൽ പോഷകാഹാരം നൽകണം. രണ്ടുമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി ശർക്കരപോലുള്ളവ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു. ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയ ചങ്ക്‌സ്, പഞ്ചസാര എന്നിവയടങ്ങിയ ന്യൂട്രിമിക്‌സ് 33,000-ത്തോളം അങ്കണവാടികൾവഴി നൽകുന്നുണ്ട്. കുടുംബശ്രീമിഷന്റെ നേതൃത്വത്തിൽ 241 കേന്ദ്രങ്ങൾവഴി വർഷം 18 കോടി കിലോഗ്രാമാണ് തയ്യാറാക്കുന്നത്.
അതേസമയം, എഫ്സിഐയിൽ നിന്നു ലഭിക്കുന്ന ഗോതമ്പിൽ മണ്ണും ഗോതമ്പുചെടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എഫ്സിഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഗുണനിലവാരമുള്ള ഗോതമ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യകമ്മിഷൻ നിർദേശം നൽകിയിരുന്നു. എല്ലാ അങ്കണവാടികളിലും നിർമാണയൂണിറ്റുകളിലും ശുചിത്വം ഉറപ്പാക്കാനും പരിശോധന നടത്താനും ജീവനക്കാരെ ചുമതലപ്പെടുത്തണം. ഗുണനിലവാരപരിശോധനയ്ക്ക് ഇപ്പോൾ കോഴിക്കോട് മാത്രമാണ് കേന്ദ്രമുള്ളത്. എല്ലാ ജില്ലകളിലും ലാബ് ഏർപ്പെടുത്തിയാൽ വിതരണത്തിനുമുൻപുള്ള മൈക്രോ ടെസ്റ്റ് കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്മിഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ നിർദേശിച്ചു.

