മലപ്പുറം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷന് സർക്കാരിന്റെ മസ്റ്ററിങ് പൂട്ട് വീണതോടെ നിലവിൽ തുക വാങ്ങിക്കൊണ്ടിരിക്കുന്ന 6,67,252 പേർ പുറത്തേക്ക്. ഇക്കഴിഞ്ഞ മാസം വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിവരുന്ന 3,67,755 പേരും സംസ്ഥാനത്തെ 33 ക്ഷേമനിധി ബോർഡ് വഴി പെൻഷൻ കൈപ്പറ്റിയിരുന്ന 2,99,497 പേരുമാണ് മസ്റ്ററിങ് ഇതുവരെ നടത്താത്തത്. ഈ മാസം 31നുള്ളിൽ മസ്റ്ററിങ് നടത്തിയിട്ടില്ലെങ്കിൽ ഇവരെ പെൻഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും.
മരിച്ചവരുടെ പേരിലും ഇരട്ട പെൻഷനായും അനർഹമായി തുക കൈപ്പറ്റുന്നവരെ കണ്ടെത്താനാണ് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. കഴിഞ്ഞ മാസം 30വരെയായിരുന്നു മസ്റ്ററിങ്ങിനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്. 9,67,088 പേർ മസ്റ്ററിങ് ചെയ്യാൻ ബാക്കി വന്നതോടെ സർക്കാർ ഒരു മാസം കൂടി ദീർഘിപ്പിച്ചു. എന്നിട്ടും ഇതിൽ 2,99,836 പേർ മാത്രമാണ് ഇതിൽ മസ്റ്ററിങ് പൂർത്തിയാക്കിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലടക്കം പെൻഷൻ തട്ടിപ്പും പിടികൂടിയിരുന്നു.
കഴിഞ്ഞ ജൂലൈ 17ന് ആരംഭിച്ച മസ്റ്ററിങ് നടപടികൾ ഈമാസം 31ന് ശനിയാഴ്ച അവസാനിക്കും.നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല. 52,23,260 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ഇവരിൽ 48,55,505 പേരാണ് ഇന്നലെ വരെ മസ്റ്ററിങ് നടത്തിയത്. 3,67,755 പേർ ബാക്കിയാണ്. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കൂടുതൽ പേർ മസ്റ്ററിങ് നടത്താനുള്ളത്. സംസ്ഥാനത്തെ 33 വെൽഫെയർ ഫണ്ട് ബോർഡുകൾക്ക് കീഴിൽ 14,33,838 പേരാണ് പെൻഷൻ വാങ്ങി വരുന്നത്. ഇവരിൽ 11,34,341 പേർ മസ്റ്ററിങ് പൂർത്തിയാക്കി.


