തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനും പേഴ്‌സണലൈസേഷനും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി കേരള മോട്ടോർ വാഹന വകുപ്പ് പ്രത്യേക സർവേ ആരംഭിച്ചു. വാഹനങ്ങളിൽ അനുവദിക്കാവുന്ന മാറ്റങ്ങൾ, നിലവിലെ നിയമങ്ങളുടെ പ്രായോഗികത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളും ആശങ്കകളും ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം.
വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് വാഹനപ്രേമികൾ, ഉടമകൾ, വിദഗ്ധർ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എംവിഡി തേടുന്നുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി പരിശോധിച്ച ശേഷം നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റം വേണമോയെന്ന കാര്യത്തിലും നിയമപരമായ സാധ്യതകളിലും വകുപ്പ് തീരുമാനമെടുക്കും.
റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കാനാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിൾ ഫോർമാറ്റ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വാഹനങ്ങളുടെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാഭിപ്രായത്തിന് പ്രാധാന്യം നൽകുന്ന നടപടിയായാണ് ഈ സർവേയെ മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നത്. അതേസമയം, വാഹനങ്ങളുടെ നിറം മാറ്റുന്നതുൾപ്പെടെയുള്ള മോഡിഫിക്കേഷനുകളിൽ കൂടുതൽ ലിബറൽ ആയ സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് നേരത്തെ ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. നിറം മാറ്റുന്നത് സംബന്ധിച്ച് ചില സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇതിന്റെ കൃത്യമായ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി അനൗൺസ് ചെയ്യുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്.


