‘വന്ദേമാതരം’ ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിർണായക ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.
പ്രിവൻഷൻ ഓഫ് ഇൻസള്‍ട്ട്സ് ടു നാഷണല്‍ ഹോണർ (ഭേദഗതി) ബില്‍ 2026 ആണ് പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനും സഭ ബഹിഷ്കരണത്തിനും ഇടയില്‍ ഉപരിസഭ പാസാക്കിയത്.
ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ ബില്‍ ചർച്ചയ്ക്കെടുക്കുമ്പോള്‍, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയർത്തി. തുടർന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ബഹളത്തിനിടയിലും ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് സഭാ നടപടികളുമായി മുന്നോട്ട് പോവുകയും ബില്‍ വോട്ടിനിട്ട് പാസാക്കുകയുമായിരുന്നു. ദേശീയപതാക, ഭരണഘടന, ദേശീയഗാനം, വന്ദേമാതരം എന്നിവയെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് പുതിയ ബില്‍. ഈ കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.


