Headlines

സ്വർണം വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ ‘പുത്തൻ’ ഷോക്ക്; ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടി, ഇന്ന് വിലയും കൂടി


    
കൊച്ചി: പലിശ ഭാരത്തെക്കുറിച്ചുള്ള ആശങ്കകൾ‍ സജീവമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 14,065 രൂപയിലെത്തി. പവൻ വില 200 രൂപ വർധിച്ച് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില അൽപം മെച്ചപ്പെട്ടതോടെയാണ് കേരളത്തിലും മാറ്റം.

സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്). നിലവിലെ 45 രൂപയിൽ നിന്ന് 75 രൂപയായാണ് വർധന. ഇതോടെ ആഭരണം വാങ്ങാൻ 18 ശതമാനം നികുതി സഹിതം 88.5 രൂപ ഉപഭോക്താവ് നൽകേണ്ടി വരും. നിലവിൽ ഇത് 53.5 രൂപയായിരുന്നു. തീരുമാനം സെപ്റ്റംബർ 14 മുതൽ നിലവിൽ വന്നു.

അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് വേണ്ടെന്നുവയ്ക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പറഞ്ഞത് കഴിഞ്ഞ മേയിൽ ആയിരുന്നു. തൊട്ടുപിന്നാലെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം 6ൽ നിന്ന് 15 ശതമാനമാക്കിയത് സ്വർണവില കത്തിക്കയറാൻ ഇടയാക്കിയിരുന്നു.

ഇന്ത്യ പ്രവചനങ്ങളെ കടത്തിവെട്ടി മികച്ച ഏപ്രിൽ-ജൂൺപാദ വളർച്ച നേടിയതിന് പിന്നാലെ രണ്ടാഴ്ച മുൻപ് രാജ്യത്തോട് സാമൂഹികമാധ്യമം വഴി അഭിസംബോധന ചെയ്ത മോദി, തന്റെ ആഹ്വാനം ആവർത്തിച്ചിരുന്നു. ഇപ്പോഴിതാ, സ്വർണത്തിന്റെ ഹോൾമാർക്കിങ് ചാർജും കൂട്ടിയിരിക്കുകയാണ് കേന്ദ്രം. 45 രൂപയും 18% ജിഎസ്ടിയും ആയിരുന്നു ഇതുവരെ. ഇനിയത് 75 രൂപയും 18% ജിഎസ്ടിയുമാണ്.

തീരുമാനം സ്വർണവ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണെന്നും പിൻവലിക്കണമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു. വ്യാപാരികളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡോയിൽ വില ഉയർന്ന നിലയിൽ തന്നെ തുടരുന്നത് യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും വർധിപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയുന്നതാണ് പതിവ്. എന്നാൽ ഇന്ന് അടിസ്ഥാന പലിശ നിരക്ക് ഉയർത്താൻ യുഎസ് ഫെഡ് റിസർവ് തീരുമാനിച്ചാലും സ്വർണവില വലിയ ഇടിവിലേക്ക് പോകില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ പറയുന്നത്. ജൂലൈയിൽ ഔൺസിന് 4000 ഡോളറിന് താഴേക്ക് പോയ സ്ഥിതി ഇനിയും ഉണ്ടാകില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നപ്പോൾ സ്വർണത്തിൽ നഷ്ടമുണ്ടായിരുന്നു. ഇനി കൂടുതൽ ഇടിയാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ചിലപ്പോൾ വില വർധിക്കാനും സാധ്യതയുണ്ട്.

എന്നാൽ പ്രതീക്ഷ തെറ്റിച്ച് നിരക്ക് തുടരാൻ തീരുമാനിച്ചാൽ വില ഔൺസിന് 5000 ഡോളറിലേക്ക് കുതിക്കാനും കാരണമാകും. അങ്ങനെയെങ്കിൽ കേരളത്തിലും വില കുതിച്ചുയരും. രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4294 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണവില ഇന്ന് വർധനയിലാണ്. ഒരുവേള 4339 ഡോളർ വരെ ഉയർന്ന സ്വർണവില നിലവിൽ ഔൺസിന് 4325 ഡോളറെന്ന നിലയിലാണ്. അടുത്ത ദിവസങ്ങളിൽ വില എങ്ങോട്ടു നീങ്ങുമെന്നത് നിർണായകമാണ്.

പുതുക്കിയ വിലയിൽ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം നികുതിയും ഹോൾമാർക്കിങ് ചാർജും ചേർത്ത് 1,27,500 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിനും ഇന്ന് വില വർധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ വർധിച്ച് 11,555 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 9000 രൂപയും 9 കാരറ്റ് ഗ്രാമിന് 5805 രൂപയുമാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയാണ് വില.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: