തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍. ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഏഴിന് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനില്‍ കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ കണ്ടമർ സ്വദേശികളായ അനില്‍ കഹ്നാർ (19), ഇയാളുടെ സഹോദരി പുത്രൻ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ചക്കാമ്പാട് പൊലിസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്നവരാണ്.മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ വില്‍പ്പനയ്ക്കായി കൈമാറുന്നതിന് രണ്ട് ബാഗുകളിലായി ഒളിപ്പിച്ചാണ് ഇരുവരും കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. തിരൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവില്‍ എക്സൈസ് ഓഫീസർമാരായ വിനീഷ്, അഖിലേഷ്, വിഷ്ണു, ധനേഷ് എന്നിവരും ആർപിഎഫ്. എസ്‌ഐ എല്‍. ബിനു, എഎസ്‌ഐമാരായ കെ. ശശി, കെ.വി. ഹരിഹരൻ, സ്പെഷ്യല്‍ സ്ക്വാഡ് എഎസ്‌ഐ സജി അഗസ്റ്റിൻ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ടി. വിജേഷ്, എ. സജീവൻ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ തിരൂർ പൊലിസ് ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്ത് വിശദമായ ദേഹപരിശോധനയ്ക്ക് വിധേയനാക്കി. കസ്റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും ഉടൻ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.


