ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയും കോടികളുടെ അഴിമതിയും വീണ്ടും പുറത്ത്. തദ്ദേശ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് രൂപയുടെ കൊള്ളയെക്കുറിച്ച് ചോദ്യം ചെയ്ത സാമൂഹിക പ്രവര്‍ത്തകനെയും ഭാര്യയെയും ബി.ജെ.പി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ഡോറില്‍ ബി.ജെ.പി സംഘടിപ്പിച്ച ‘ലോക്തന്ത്ര ബച്ചാവോ’ റാലിക്കിടെയാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നഗരവികസന വകുപ്പ് മന്ത്രി കൈലാഷ് വിജയവര്‍ഗിയ പങ്കെടുത്ത പരിപാടിയിലാണ് പ്രഹ്ലാദ് പാണ്ഡെയും ഭാര്യയും പ്രതിഷേധവുമായി എത്തിയത്. ഒരു എല്‍.ഇ.ഡി ബള്ബിന് 30,000 രൂപയും, ഒരു ലിറ്റര്‍ ഫിനൈലിന് 33,000 രൂപയും ഈടാക്കി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഫിനൈല്‍ കുപ്പിയുമായി വേദിക്ക് മുന്നിലെത്തിയ ദമ്പതികള്‍ ഇതിന് മറുപടി ആവശ്യപ്പെട്ടതോടെ മന്ത്രി പ്രകോപിതനാവുകയായിരുന്നു.
പ്രസംഗം നിര്‍ത്തിവെച്ച് പ്രഹ്ലാദ് പാണ്ഡെയെ അവിടെനിന്നും നീക്കം ചെയ്യാന്‍ മന്ത്രി പൊലീസിന് പരസ്യമായി ഉത്തരവ് നല്‍കുകയും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് ദമ്പതികളെ ബലമായി പിടിച്ചുകൊണ്ടുപോയി കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. സാധാരണക്കാരുടെ ചോദ്യങ്ങളെ ഭയന്ന് ബി.ജെ.പി സര്‍ക്കാര്‍ പൊലീസിനെക്കൊണ്ട് ജനകീയ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി വിമര്‍ശിച്ചു.
മധ്യപ്രദേശിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നടത്തിയ സാധനങ്ങള്‍ വാങ്ങല്‍ ഇടപാടുകളില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. എല്‍.ഇ.ഡി ബള്‍ബുകളും ഫിനൈലുകളും അമിതവില നല്കി വാങ്ങിയതുമായി ബന്ധപ്പെട്ട് 135 ചീഫ് മുനിസിപ്പല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 392 ജീവനക്കാര്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്. കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, ഇതിനെതിരെ ചോദ്യം ഉന്നയിക്കുന്നവരെ ജയിലിലടയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.


