ആലപ്പുഴ : ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന ക്ഷേത്രത്തിലെത്തിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടിൽ രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിധിച്ച പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2016 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവിനെ ബാധിച്ചിരിക്കുന്ന ദുഷ്ടശക്തികളെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വരുത്തിയത്. തുടർന്ന് ക്ഷേത്രത്തിനകത്തെ സ്റ്റോർ റൂമിൽ എത്തിച്ച് ഇയാൾ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.


