തിരുവനന്തപുരം:അതിതീവ്ര മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിലും ഒഴുക്കില്‍പെട്ടും ഒമ്പതു പേര് മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമായി മല്‍സ്യബന്ധനത്തിനു പോയ അഞ്ചു പേരെ കാണാനില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകള്‍ പ്രളയഭീതിയില്‍. പത്തനംതിട്ട റാന്നിയില്‍ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1,465 പേരെ മാറ്റിപാര്‍പ്പിച്ചു.
മഴമൂലം സംസ്ഥാനത്ത് ഇന്നലെ ഒമ്പതു മരണം. കോട്ടയം വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരനായ കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന് മിലന് കെ ഷിജു, മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ എറിയാട് തോട്ടില്‍ ഒഴുക്കില്‍ പെട്ട് അബ്ദുല്‍ മുനീറിന്റെ മൂന്നു വയസുള്ള മകന് അബ്ദുല്‍ മുഹൈനി എന്നിവര്‍ മരിച്ചു. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിന് ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി, കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന് ആദം അയ്മന്, ഇടുക്കി കോലാഹലമേട്ടില്‍ വീടിനു മുകളില്‍ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരന് നായര്‍ എന്നിവര്‍ മരിച്ചു. വയനാട്ടില്‍ പടിഞ്ഞാറെത്തറയില്‍ കുളത്തില്‍ നിന്ന് വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവേ മാഞ്ഞൂര്‍ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞു കാണാതായ പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.


