ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ 15 വയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലൈംഗികാതിക്രമവും കൊലപാതകവും നടന്നതായി സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണ്.
ശനിയാഴ്ച രാത്രി ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം പെണ്‍കുട്ടി തനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിലെ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ദേശീയപാത 6 ഉപരോധിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.


