ഡൽഹി: രാജ്യമാകെ ചർച്ചയായ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ. ഡൽഹി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ. ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. താരങ്ങൾ ജന്ദർ മന്ദറിൽ ഇയാൾക്കെതിരെ സമരം ചെയ്തിരുന്നു.
6 ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് രംഗത്തെത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ, ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. അതിനിടെ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് ആ പരാതി പിൻവലിക്കുകയും ചെയ്തു.
2023-ലായിരുന്നു ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ മാസങ്ങളോളം സമരം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിൽ ഗുസ്തി താരങ്ങളെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒളിമ്പിക് മെഡൽ ജേതാക്കളായ താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഉൾപ്പെടെ വിമർശനത്തിന് ഇടയാക്കിയ സംഭവമായിരുന്നു.


