മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് യുവാവ്. വാഴക്കാട് ഊർക്കടവിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി രവിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബസ് കടന്നുപോകുന്നതിനിടെ ബൈക്ക് യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ചുവെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്.
തുടർന്ന് ബൈക്കിലെത്തിയവർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ രവിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. സംഭവത്തെ തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


