തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തേക്ക് പോലിസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവര്‍ത്തക യൂണിയന് . വാര്‍ത്താ മുറിയിലെ പോലിസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും ആണെന്നും വാര്‍ത്താ പ്രക്ഷേപണം പോലും തടസപ്പെടുത്തി അഴിഞ്ഞാടാന്‍ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികള്‍ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.
മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണ്. മാധ്യമ സ്ഥാപനങ്ങളില്‍ പോലിസ് പ്രവേശിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഈ മാധ്യമ ധ്വംസനത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന് അതി ശക്തമായി അപലപിക്കുന്നുവെന്നും പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജന വിഭാഗങ്ങളും ഈ മാധ്യമ നായാട്ടിനെതിരെ അണി നിരക്കണമെന്ന് യൂണിയന് പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭ്യര്‍ഥിച്ചു.
ഇന്ന് പുലര്‍ച്ചയോടെയാണ് കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പോലിസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. ചാനല്‍ ഡെസ്കിലേക്കെത്തിയ പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ സമ്മര്‍ദ്ദം ചെലുത്തി വാങ്ങിവയ്ക്കുകയായിരുന്നു.


