കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. പറവൂർ–ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിനെതിരെയാണ് വടക്കൻ പറവൂർ പൊലീസ് നടപടി സ്വീകരിച്ചത്
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഷാപ്പിലെത്തി കള്ള് കഴിച്ചതായാണ് പരാതി. തുടർന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടിക്ക് ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. മുനമ്പം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.
വൈദ്യപരിശോധനയിൽ അമിതമായി കള്ള് കഴിച്ചതാണ് ശാരീരികാസ്വാസ്ഥ്യത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ വടക്കൻ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്ന വിവരം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു


