ഇന്ത്യയിലെ വോട്ടിംങ് സംവിധാനം തകർന്നതിൻ്റെ ഉത്തരവാദി ഗ്യാനേഷ് കുമാർ; രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി



ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായക വാർത്താസമ്മേളനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അൻപത് വർഷം വരെ രാജ്യം ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പഴയ പ്രസംഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം തുടങ്ങിയത്. താനൊരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയിൽ ഒരു പ്രതികരണം നടത്താൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടവകാശവും ഭരണഘടനയും നശിച്ചുവെന്നും നിയമങ്ങൾ നിയമവിരുദ്ധമായി മാറിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം തന്നെ നശിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ നശിപ്പിക്കുന്നവർ എന്ന് ചൂണ്ടിക്കാട്ടി പത്തൊൻപതോളം പേരുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, വ്യവസായി ഗൗതം അദാനി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്ര, ആർഎസ്എസ് നേതാവ് ബി എൽ സന്തോഷ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ബാബ രാംദേവ്, കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ, മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, മാധ്യമപ്രവർത്തകരായ രജത് ശർമ്മ, അർണബ് ഗോസ്വാമി, സംവിധായകൻ വിവേക് അഗ്നിഹോത്രി, കങ്കണ റണാവത്ത്, ജയ് ഷാ, ബ്രിജ് ഭൂഷൺ ശരൺ സിങ് അടക്കമുള്ളവരുടെ ചിത്രങ്ങളാണ് രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. ഇതിൽ നരേന്ദ്ര മോദി, അമിത് ഷാ, ഗൗതം അദാനി, മോഹൻ ഭാഗവത്, അജിത് ഡോവൽ, പ്രമോദ് കുമാർ മിശ്ര, ഗ്യാനേഷ് കുമാർ എന്നിവരാണ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

ബാക്കിയുള്ളവരെ ഇവർ ഉപകരണമാക്കുകയാണെന്നും രാഹുൽ ഗാന്ധി പറയുന്നു.

ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തത് മോദിയും അമിത് ഷായുമാണെന്നും രാഹുൽ പറഞ്ഞു. സിസ്റ്റം തകർത്തത് ഗ്യാനേഷ് കുമാറാണ്. വോട്ട് മോഷ്ടിക്കുമ്പോൾ നടക്കുന്ന നിയമ നിർമ്മാണം നിയമ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 2023 ഡിസംബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അനുകൂലമായ നിയമനിർമ്മാണമാണ് നടന്നത്. ആ നീക്കത്തെ താൻ എതിർത്തിരുന്നു. മഹാദേവ് പുരിയിലും ഹരിയാനയിലും വോട്ട് ചോരി നടന്നു. വോട്ട് ചോരി നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാർ പരമാവധി ശ്രമിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണത്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പ്രധാന ഗൂഢാലോചകർ അമിത് ഷായും നരേന്ദ്ര മോദിയുമാണ്. ഇരുവർക്കുമെതിരെ അന്വേഷണം വേണം. മൂന്ന് വർഷമായി താൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: