കൊച്ചി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സ്വതന്ത്ര സ്വഭാവവും തകര്‍ത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ പദവിയില്‍ നിന്ന് രാജിവെക്കണമെന്ന് കേരള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. ജനങ്ങളോട് മാപ്പ് പറയാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്ത നടപടികളാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനോട് പ്രതികരിക്കവെ കുറ്റപ്പെടുത്തി.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6ലും വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയകളിലും ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തിയത് നിയമവിരുദ്ധമാണെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. കമ്മീഷനിലെ മറ്റ് അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയും കൂടിയാലോചനകള്‍ നടത്താതെയുമാണ് ഗ്യാനേഷ് കുമാര്‍ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടത്. കമ്മീഷന്‍ കൂട്ടായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകേണ്ടതാണെന്ന കീഴ്വഴക്കം അദ്ദേഹം ലംഘിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സംവിധാനമാണെന്നും, യാതൊരുവിധ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കും, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് പോലും അത് വഴങ്ങാന്‍ പാടില്ലാത്തതാണെന്നും മീണ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഗ്യാനേഷ് കുമാര്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നും രാജ്യത്തെ വഞ്ചിച്ചെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. പൊതുജനങ്ങളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും വിശ്വാസ്യത പൂര്‍ണ്ണമായി നഷ്ടപ്പെടുത്തിയ ഗ്യാനേഷ് കുമാറിന് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും, ഉടന്‍ തന്നെ രാജി വെച്ച് പുറത്തുപോകണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു


