മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിന് 10,000 കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയില്‍.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശ്രീജി എസ് ആണ് വിജിലൻസിന്റെ ട്രാപ്പ് ഓപ്പറേഷനില്‍ പിടിയിലായത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയത്.
ഹെല്‍ത്ത് ഇൻസ്പെക്ടർ വാടകയ്ക്ക് താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ റൂമില്‍ എത്തി പണം കൈമാറണമെന്നായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലൻസ് നിർദ്ദേശ പ്രകാരം പണം കൈമാറിയ ശേഷം പരാതിക്കാരി റൂമില്‍ നിന്നും ഇറങ്ങി കെട്ടിടത്തിന് താഴെ എത്തിയ സമയം വിജിലൻസ് സംഘം പ്രതിയുടെ റൂമിലേക്ക് ഇരച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ സംശയം തോന്നിയ ശ്രീജി കൈക്കൂലി പണം ടോയ്ലറ്റിലെ ക്ലോസറ്റില്‍ നിക്ഷേപിച്ച് ഫ്ലഷ് ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ വിജിലൻസ് സംഘം പലയാവർത്തി പണത്തെക്കുറിച്ച് ചോദിച്ചതില്‍ പരസ്പരവിരുദ്ധമായി പറഞ്ഞ് വിജിലൻസ് സംഘത്തെ ശ്രീജി തെറ്റിധരിപ്പിക്കുകയും, ശ്രീജിയുടെ താമസ സ്ഥലത്തും, കെട്ടിടത്തിന് പുറക് വശത്തുള്ള കാട് പിടിച്ച പറമ്പിലും മണിക്കൂറുകള്‍ വിജിലൻസ് സംഘത്തിന് പരിശോധിക്കേണ്ടതായി വരികയും ചെയ്തു.
എന്നാല്‍ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത വിവരം ഇയാള്‍ വിജിലൻസിനോട് സമ്മതിക്കുകയാണ് ഉണ്ടായത്. തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തില്‍ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറില്‍ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയില്‍ പൈപ്പില്‍ ബെന്റുകളില്‍ തങ്ങി നിന്ന കൈക്കൂലി പണം വിജിലൻസ് കണ്ടെത്തുകയും, ഇതോടെ ട്രാപ്പ് ഓപ്പറേഷനില്‍ വിജിലൻസ് സംഘം നിർണായക തെളിവ് വീണ്ടെടുക്കുകയും ചെയ്തു.
തിരൂരങ്ങാടി നഗരസഭ പരിധിയിലെ ചെമ്മാട്-കൊടിഞ്ഞി റോഡില്‍ പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നല്‍കിയിരുന്നത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും ‘പേപ്പർ ക്ലിയർ അല്ല’ എന്ന് പറഞ്ഞ് അപേക്ഷകള്‍ മടക്കിയതിനെ തുടർന്ന് ലൈസൻസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരി സുഹൃത്ത് മുഖേന പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ ശ്രീജിയെ സമീപിച്ചത്. തുടർന്ന് ശ്രീജി 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചതും, അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ച് വരവെ പരപ്പനങ്ങാടിയിലുള്ള ശ്രീജി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് വച്ച് പരാതിക്കാരിയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് വിജിലൻസ് സംഘം ശ്രീജിയെ കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


