ചേർത്തല: ആലപ്പുഴ ചേർത്തലയിൽ മരണാനന്തര ചടങ്ങിനിടെ ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ തർക്കത്തിൽ വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ വള്ളിക്കാട്ട് കോളനിയിൽ ‘ചക്രൻ ശ്യാം’ എന്നറിയപ്പെടുന്ന ശ്യാംകുമാറാണ് (41) ചേർത്തല പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഓഗസ്റ്റ് 22ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തരത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. തൃശൂർ ജില്ലയിൽ പ്രതി ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ചേർത്തല സബ് ഇൻസ്പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


