ബോണസ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ഓരോ റെയില്‍വെ ജീവനക്കാരനും 17951 രൂപ, 11 ലക്ഷം പേര്‍ക്ക് നേട്ടം


         

റെയിൽവേ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78 ദിവസത്തെ തൊഴില്‍ വേതനമാണ് പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് (പിഎല്‍ബി) ആയി നല്‍കുക.

ഇതിന് വേണ്ടി 2009.61 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 11.41 ലക്ഷം യോഗ്യരായ ജീവനക്കാര്‍ക്കാണ് ഈ ബോണസ് ലഭിക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണിത്.

ഓരോ ജീവനക്കാരനും ലഭിക്കുന്ന പരമാവധി ബോണസ് തുക 17951 രൂപയായിരിക്കും. റെയില്‍വെയുടെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ഈ ബോണസ്. ട്രാക്ക് അറ്റക്കുറ്റപണിക്കാര്‍, ലോക്കോ പൈലറ്റ്, ട്രെയിന്‍ മാനേജര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്‍സ്, മറ്റു ഗ്രൂപ്പ് സി സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ബോണസ് ലഭിക്കുക.

ദുര്‍ഗ പൂജയ്ക്കും ദസറയ്്ക്കും മുന്നോടിയായിട്ടാണ് റെയില്‍വെ ജീവനക്കാര്‍ക്ക് വാര്‍ഷിക ബോണസ് എല്ലാ വര്‍ഷവും നല്‍കുന്നത്. അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പ്രോല്‍സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ബോണസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1670 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വെ കൈകാര്യം ചെയ്തത്. 7.41 ബില്യണ്‍ യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുകയും ചെയ്തു.

റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്ന കാര്യം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു. 1.65 ലക്ഷം ഒഴിവുകള്‍ റെയില്‍വെയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുമെന്ന സൂചനയും മന്ത്രി നല്‍കി. 2014 മുതല്‍ 5.5 ലക്ഷം പേര്‍ക്ക് റെയില്‍വെ തൊഴില്‍ നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും നിയമനം നടത്തുന്നില്ല എന്ന വിമര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: