റിയാദില്‍ നഴ്സായ മലയാളി യുവതിയെ യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തില്‍ കാണാതായതായി പരാതി



       

റിയാദ് : റിയാദില്‍ നഴ്‌സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച്‌ കാണാതായതായി കുടുംബത്തിന്റെ പരാതി.

വയനാട് സുല്‍ത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസില്‍ രവി – ശെല്‍വി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്താനായിരുന്നു പദ്ധതി.

ജിദ്ദയില്‍ വിമാനമിറങ്ങിയ ഉടൻ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ്‍ ആവശ്യപ്പെടുന്നുണ്ടെന്നും ആ സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും യാതൊരു വിവരവുമില്ലെന്നും കുടുംബാംഗങ്ങള്‍ ആശങ്കയോടെ വ്യക്തമാക്കുന്നു.

റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഫിലോമിനയുടെ തിരോധാനത്തില്‍ കുടുംബം കടുത്ത ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തില്‍ വെച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച്‌ വ്യക്തത ലഭിച്ചാല്‍ ഫിലോമിനയെ കണ്ടെത്താനാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശ്രദ്ധയില്‍ വിഷയം എത്തിച്ചിട്ടുണ്ട്. നിയമപരമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ തിരോധാനവുമായി ബന്ധപ്പെട്ട വിവിധ സാധ്യതകള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: