റിയാദ്/വയനാട് : അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ലഗേജിൽ സൗദിയിൽ നിരോധിച്ച മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ലമൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം 10ന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ സൗദിയിലേക്ക് തിരിച്ചത്. ജിദ്ദയിലെത്തി അവിടെനിന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.
ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിൽ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല.
വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി. ബന്ധുക്കളും സാമൂഹികപ്രവർത്തകരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
നിലവിൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരോധിത മരുന്നുകൾ ഏതൊക്കെയാണെന്നതടക്കമുള്ള കാര്യങ്ങളിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഫിലോമിനയുടെ കസ്റ്റഡി സംബന്ധിച്ചും തുടർനടപടികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി കുടുംബം കാത്തിരിക്കുകയാണ്


